സെന്റ് അൽഫോൻസ കത്തീഡ്രൽ ദേവാലയ ശിലാസ്ഥാപനം ജൂലൈ 3 ന്

മെൽബൺ: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിന്റെ ശിലാസ്ഥാപനകർമ്മം മാർ തോമാശ്ലീഹായുടെ ദുക്‌റാനതിരുന്നാൾ ദിനമായ ജൂലൈ 3-ാം തിയതി (വെള്ളിയാഴ്ച) മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ബോസ്‌കോ പുത്തൂർ നിർവ്വഹിക്കും. റോമിൽ വച്ച് പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപ്പാപ്പയാണ് കത്തീഡ്രൽ ദേവാലയത്തിന്റെ അടിസ്ഥാന ശില മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി പിതാവിന്റെയും സീറോ മലബാർ സഭയിലെ അഭിവന്ദ്യരായ മറ്റു പിതാക്കന്മാരുടെയും സാന്നിധ്യത്തിൽ വെഞ്ചരിച്ച് ബിഷപ്പ് ബോസ്‌കോ പുത്തൂർ പിതാവിന് നല്കിയിരിക്കുന്നത്. വൈകീട്ട് 4.30 ന് നടക്കുന്ന ശിലാസ്ഥാപനകർമ്മത്തിൽ രൂപത വികാരി ജനറാൾ മോൺ. ഫ്രാൻസീസ് കോലഞ്ചേരി, രൂപത ചാൻസിലറും കത്തീഡ്രൽ വികാരിയുമായ ഫാ, മാത്യൂ കൊച്ചുപുരയ്ക്കൽ, പ്രൊക്യൂറേറ്റർ ഫാ. സെബാസ്റ്റ്യൻ മണ്ഡപത്തിൽ, ബൈബിൾ അപ്പൊസ്റ്റലേറ്റ് ഡയറക്ടർ ഫാ. ഫ്രെഡി എലുവത്തിങ്കൽ, മെൽബൺ സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരിയും രൂപത കൺസൽറ്ററുമായ ഫാ. പ്രിൻസ് തൈപുരയിടത്തിൽ കത്തീഡ്രൽ നിർമ്മാണ എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരിക്കും.
കത്തീഡ്രൽ ദേവാലയത്തിന്റെ ശിലാസ്ഥാപനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയിട്ടുള്ള സുവനീയറിന്റെ പ്രകാശനം വിക്‌ടോറിയൻ പാർലമെന്റ് എം.പിയും ഗവൺമെന്റ് വിപ്പുമായ ബ്രോൺവിൻ ഹാഫ്‌പെന്നി എം.പി നിർവ്വഹിക്കും. ലുമെയിൻ ബിൽഡേഴ്‌സ്, ഐ.എച്ച്.എൻ.എ, സെഹിയോൻ ടൂർസ് ആന്റ് ട്രാവൽസ്, യു ഹോംസ്, സബ്‌റിനി ഫുഡ്‌സ്, ഇൻഡ്യാഗേറ്റ് ഗ്രോസറി ഷോപ്പ് എപ്പിങ്ങ് എന്നിവരാണ് ഗോൾഡ് സ്‌പോൺസർമാർ.
സ്വന്തമായി ഒരു ദേവാലയം എന്ന കത്തീഡ്രൽ ഇടവകാംഗങ്ങളുടെ വർഷങ്ങളായുള്ള പ്രാർത്ഥനകൾക്കുംകാത്തിരിപ്പിനും ഒടുവിലാണ് ഏറെ പ്രതീക്ഷകളോടെ ദേവാലയനിർമ്മാണത്തിന് തുടക്കം കുറിക്കുന്നത്. എപ്പിങ്ങിൽ ഹ്യും ഫ്രീവേക്ക് സമീപം കത്തീഡ്രൽ ഇടവക സ്വന്തമാക്കിയ രണ്ടേമുക്കാൽ ഏക്കർ സ്ഥലത്താണ് ദേവാലയത്തിനും പാരീഷ് ഹാളിനും അനുബന്ധ സൗകര്യങ്ങൾക്കുമുള്ളനിർമ്മാണം ആരംഭിക്കുന്നത്. ഓസ്‌ട്രേലിയായിലെ പ്രമുഖ കൺസ്ട്രക്ഷൻ ഗ്രൂപ്പായ ലുമെയിൻ ബിൽഡേഴ്‌സിനാണ് കത്തീഡ്രലിന്റെ നിർമ്മാണ ചുമതല നല്കിയിരിക്കുന്നത്.
മെൽബൺ സീറോ മലബാർ രൂപതയിലെ ഓരോ അംഗങ്ങളുടെയും സമൂഹങ്ങളുടെയും ഇടവകകളുടെയും വിശ്വാസകൂട്ടായ്മയുടെയും സ്‌നേഹഐക്യത്തിന്റെയും പ്രതീകവും കേന്ദ്രവുമാണ് കത്തീഡ്രൽ ദേവാലയം. രൂപതകളിൽ കത്തീഡ്രൽ ദേവാലയത്തിനുള്ള പ്രമുഖസ്ഥാനത്തെപ്പറ്റി രണ്ടാം വത്തിക്കാൻ സൂനഹദോസ് നല്കിയ പ്രസ്താവന സൂചിപ്പിച്ചുകൊണ്ട് ബിഷപ്പ് ബോസ്‌കോ പുത്തൂർ രൂപതാംഗങ്ങൾക്കായി നല്കിയ പ്രത്യേക സർക്കുലറിലൂടെ കത്തീഡ്രൽ നിർമ്മാണത്തിനു വേണ്ടി പ്രാർത്ഥിക്കാനും സഹകരിക്കാനും അഭ്യർത്ഥിച്ചു.
ശിലാസ്ഥാപനകർമ്മങ്ങൾക്കു ശേഷം വൈകീട്ട് 7 മണിക്ക് മാർ തോമാശ്ലീഹായുടെ ദുക്‌റാനതിരുന്നാളിനോടനുബന്ധിച്ച് റിസർവോ സെന്റ് സ്റ്റീഫൻസ് ദേവാലയത്തിൽ അർപ്പിക്കുന്ന റാസ കുർബാനയിൽ ബിഷപ്പ് ബോസ്‌കോ പുത്തൂർ മുഖ്യകാർമ്മികത്വം വഹിക്കും. ശിലാസ്ഥാപനകർമ്മത്തിന്റെയും തുടർന്ന് നടക്കുന്ന റാസ കുർബാനയുടെയും തൽസമയ സംപ്രേഷണം കത്തീഡ്രൽ ഇടവകയുടെ യുട്യുബ് ചാനലിലും ഫേസ്ബുക്ക് പേജിലും ലഭിക്കും. ശിലാസ്ഥാപനകർമ്മത്തിലും റാസ കുർബാനയിലും ഓൺലൈനിലൂടെ പങ്കെടുത്തുകൊണ്ട് കത്തീഡ്രൽ ദേവാലയ നിർമ്മാണത്തിനുവേണ്ടി പ്രാർത്ഥിക്കുവാനും സഹകരിക്കാനും വികാരി ഫാ. മാത്യൂ കൊച്ചുപുരയ്ക്കൽ അഭ്യർത്ഥിച്ചു.

BACK
/* ]]> */