മെൽബൺ സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ നിർമ്മാണം ആരംഭിച്ചു

മെൽബൺ: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിന്റെ ശിലാസ്ഥാപനകർമ്മം മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ബോസ്‌കോ പുത്തൂർ നിർവ്വഹിച്ചു. മാർ തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാൾ ദിനമായ ജൂലൈ 3-ാം തിയതി (വെള്ളിയാഴ്ച) നടന്ന ലളിതമായ ചടങ്ങിൽ, ഇടവകയിലെ കുടുംബങ്ങൾ പ്രാർത്ഥനാപൂർവ്വം നല്കിയ ചെറിയ കല്ലുകളുംബിഷപ്പ് ബോസ്‌കോ പുത്തൂർ വെഞ്ചിരിച്ച് അടിസ്ഥാനശിലയോടൊപ്പം നിക്ഷേപിച്ചു.
രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ഫ്രാൻസീസ് കോലഞ്ചേരി, രൂപത ചാൻസിലറും കത്തീഡ്രൽ വികാരിയുമായ ഫാദർ മാത്യൂ കൊച്ചുപുരയ്ക്കൽ, കത്തീഡ്രൽ നിർമ്മാണ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങൾ എന്നിവരോടൊപ്പം നിരവധി വൈദികരും ചടങ്ങിൽ പങ്കെടുത്തു. കത്തീഡ്രലിന്റെ ശിലാസ്ഥാപനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ സുവനീയറിന്റെ പ്രകാശനം വിക്‌ടോറിയൻ പാർലമെന്റ് എം.പിയും ഗവൺമെന്റ് വിപ്പുമായ ബ്രോൺവിൻ ഹാഫ്‌പെന്നി എം.പി നിർവ്വഹിച്ചു. പ്രിന്റ് ചെയ്ത സുവനീയറിന്റെ കോപ്പികൾ, ഇടവക ഭവനങ്ങളിൽ വിതരണത്തിനായി പാരീഷ് കൗൺസിലേഴ്‌സിനു കൈമാറി. കത്തീഡ്രൽ ഇടവക വെബ്‌സൈറ്റിൽ സുവനീയറിന്റെ സോഫ്റ്റ്‌കോപ്പി ലഭ്യമാണ്.
മനോഹരമായ കത്തീഡ്രലിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാകുവാൻ വേണ്ടി ഇടവകസമൂഹം തുടർന്നും പ്രാർത്ഥനയിലും സഹായ സഹകരണങ്ങളിലും ഒന്നിക്കണമെന്ന് ഇടവക വികാരി ഫാദർ മാത്യൂ കൊച്ചുപുരയ്ക്കൽ, കൈക്കാരന്മാരായ ആന്റോ തോമസ്, ക്ലീറ്റസ് ചാക്കോ എന്നിവർ അഭ്യർത്ഥിച്ചു.

BACK
/* ]]> */