ദുഃഖവെള്ളിയാഴ്ചത്തെ ധനസമാഹരണം ഇറാഖ്, സിറിയ ക്രൈസ്തവര്‍ക്ക്

ദുഃഖവെള്ളിയാഴ്ചകളില്‍ കത്തോലിക്കാസഭയിലെ പള്ളികളില്‍ വിശുദ്ധനാടിനു വേണ്ടി സമാഹരിക്കുന്ന സംഭാവനകള്‍ ഇപ്രാവശ്യം ഇറാഖിലെയും സിറിയയിലെയും പീഡനമനുഭവിക്കുന്ന കത്തോലിക്കരെ സഹായിക്കുന്നതിനു ചെലവഴിക്കുമെന്നു പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ലിയോനാര്‍ദോ സാന്ദ്രി അറിയിച്ചു. വിശുദ്ധനാട്ടിലെ പള്ളികളുടെ പുനരുദ്ധാരണവും സംരക്ഷണവും, തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍, യേശു ജീവിച്ചിരുന്ന നാട്ടിലെ ക്രൈസ്തവരിലെ പാവപ്പെട്ടവര്‍ക്കുള്ള സഹായങ്ങള്‍ എന്നിവയ്ക്കുവേണ്ടി നോമ്പുകാലത്ത് സഭയില്‍ നിന്നു പണം സമാഹരിക്കുന്ന പതിവു പരമ്പരാഗതമായി ഉള്ളതാണ്. കഴിഞ്ഞ എട്ടു നൂറ്റാണ്ടുകളായി വിശുദ്ധനാട്ടിലെ കത്തോലിക്കാസഭയുടെ മേല്‍നോട്ടം നിര്‍വഹിക്കുന്ന ഫ്രാന്‍സിസ്കന്‍ സന്യാസിമാര്‍ക്കാണ് ഈ പണം കൈമാറി വരുന്നത്.

ബെത്ലേഹമിലെ തിരുപ്പിറവി ദേവാലയം, ജെറുസലേമിലെ കബറിട ദേവാലയം എന്നിവ ഇക്കഴിഞ്ഞ നാളുകളില്‍ വന്‍തുകകള്‍ ചെലവിട്ടു ശാസ്ത്രീയമായി പുനരുദ്ധരിച്ചിരുന്നു. ഇതിനു സഹായിച്ചവര്‍ക്കു കാര്‍ഡിനല്‍ ലിയോനാര്‍ദോ സാന്ദ്രി നന്ദി പറഞ്ഞു. ഇറാഖിലെയും സിറിയയിലെയും മതപീഡനങ്ങളെ തുടര്‍ന്നു ധാരാളം ക്രൈസ്തവകുടുംബങ്ങള്‍ അഭയാര്‍ത്ഥികളായി മാറിയിട്ടുണ്ട്. അവരെ സഹായിക്കുക ആവശ്യമാണ്. പലസ്തീന്‍, ഇസ്രായേല്‍, ജോര്‍ദാന്‍, സൈപ്രസ്, ലെബനോന്‍, ഈജിപ്ത്, എത്യോപ്യ, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളിലെ ക്രൈസ്തവര്‍ക്കും സഹായങ്ങള്‍ എത്തിക്കേണ്ടതുണ്ട്. ഈ രാജ്യങ്ങളില്‍ കത്തോലിക്കാസഭ നടത്തുന്ന വിദ്യാലയങ്ങളും അഗതിമന്ദിരങ്ങളും നിലനിറുത്തിക്കൊണ്ടു പോകേണ്ടതുണ്ട്. ആഗോളസഭയുടെ സഹായങ്ങള്‍ കൊണ്ടാണ് ഇതെല്ലാം സാദ്ധ്യമാകുന്നത്. ഇവിടങ്ങളിലെ ക്രൈസ്തവസഹോദരങ്ങളെ നാം ഒറ്റയ്ക്കാക്കരുത് – കാര്‍ഡിനല്‍ വിശദീകരിച്ചു.

BACK
/* ]]> */