ജീവിത ക്ലേശങ്ങളിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം യാചിക്കാൻ വിശ്വാസികളെ പ്രചോദിപ്പിച്ച് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: വ്യക്തിജീവിതത്തിലെയും സമൂഹജീവിതത്തിലെയും ഏറ്റവും ക്ലേശകരമായ നിമിഷങ്ങളിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കാൻ വിശ്വാസികളെ പ്രചോദിപ്പിച്ച് ഫ്രാൻസിസ് പാപ്പ. വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തോട് അനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ നടത്തുന്ന പ്രഭാഷണ പരമ്പരയുടെ സമാപനത്തിലായിരുന്നു പാപ്പയുടെ ആഹ്വാനം. സഭാചരിത്രത്തിൽ വിശുദ്ധരുൾപ്പെടെ അനേകായിരങ്ങൾ വിശുദ്ധ യൗസേപ്പിതാവിൽ ഒരു സ്വർഗീയ സംരക്ഷകനെയോ ഒരു കാവൽക്കാരനെയോ ഒരു പിതാവിനെയോ കണ്ടെത്തിയിട്ടുണ്ടെന്ന കാര്യം പരാമർച്ച പാപ്പ, നാം അവരുടെ മാതൃക പിന്തുണരണമെന്നും ഓർമിപ്പിച്ചു.

‘നമ്മുടെ തെറ്റുകൾ ഇടർച്ചയ്ക്ക് കാരണമാകുന്നിടത്ത്, സത്യം പറയാനും ക്ഷമ ചോദിക്കാനും താഴ്മയോടെ പുനരാരംഭിക്കാനുമുള്ള ധൈര്യം ലഭിക്കാൻ നമുക്ക് യൗസേപ്പിതാവിനോട് പ്രാർത്ഥിക്കാം. സുവിശേഷപ്രഘോഷണത്തിന് പീഡനങ്ങൾ പ്രതിബന്ധമാകുന്നിടത്ത്, സുവിശേഷത്തോടുള്ള സ്‌നേഹത്തെപ്രതി അധിക്ഷേപങ്ങളും കഷ്ടപ്പാടുകളും സഹിക്കാനുള്ള ശക്തിക്കായി നമുക്ക് യൗസേപ്പിതാവിനോട് യാചിക്കാം. ദാരിദ്ര്യമുള്ളിടത്ത് വിശിഷ്യാ, അനാഥരും രോഗികളും പരിത്യക്തരുമായവരെ സേവിക്കാൻ വിളിക്കപ്പെടുമ്പോൾ, നമുക്ക് നമ്മുടെ പരിപാലകനാകാൻ യൗസേപ്പിതാവിനോട് അപേക്ഷിക്കാം.’

വിശുദ്ധ യൗസേപ്പിതാവിന് നൽകിയിരിക്കുന്ന ‘കത്തോലിക്കാസഭയുടെ സ്വർഗീയ സംരക്ഷകൻ’ എന്ന ശീർഷകത്തെ സംബന്ധിച്ച വിചിന്തനവും പാപ്പ പങ്കുവെച്ചു. നമ്മുടെ വിശ്വാസത്തിന്റെ ഏറ്റവും വിലയേറിയ നിധി യേശുവും അവിടുത്തെ അമ്മയായ മറിയവുമാണെങ്കിൽ ആ നിധി കാത്തുസൂക്ഷിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവനാണ് വിശുദ്ധ യൗസേപ്പിതാവ്. ആ അർത്ഥത്തിൽ യേശുവും മറിയവും യൗസേപ്പിതാവും സഭയുടെ ആദിമ കേന്ദ്രമാണ്. അത്യുന്നതന്റെ പുത്രൻ ലോകത്തിലേക്ക് വന്നത് വലിയ ബലഹീനാവസ്ഥയിലാണ്. തന്നെയും കുഞ്ഞിനെയും എപ്പോഴും പരിപാലിക്കുകയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഭർത്താവിനെ യൗസേപ്പിൽ കണ്ടെത്തിയ മറിയത്തെപ്പോലെ, ദൈവം, യൗസേപ്പിനെ വിശ്വസിച്ചു.

ഈ അർത്ഥത്തിൽ, വിശുദ്ധ യൗസേപ്പിതാവിന് സഭയുടെ കാവലാളാകാതിരിക്കാനാകില്ല. കാരണം, ചരിത്രത്തിൽ ക്രിസ്തുഗാത്രത്തിന്റെ തുടർച്ചയാണ് സഭ. സഭയെ സംരക്ഷിച്ചുകൊണ്ട്, ഉണ്ണിയേശുവിനെയും അവിടുത്തെ അമ്മയെയും പരിപാലിക്കുന്നത് യൗസേപ്പിതാവ് തുടരുന്നു. അതുപോലെ, നാമും സഭയെ സ്‌നേഹിക്കുന്നതിലൂടെ പൈതലിനെയും അവിടുത്തെ അമ്മയെയും സ്‌നേഹിക്കുന്നത് തുടരാൻ വിളിക്കപ്പെട്ടവരാണ് ഓർമിപ്പിച്ച പാപ്പ, അക്കാര്യം നിർവഹിക്കുന്നുണ്ടോ എന്ന ആത്മപരിശോധനയ്ക്കും വിശ്വാസികളെ പ്രചോദിപ്പിച്ചു.

സഭയെ വിമർശിക്കുകയും സഭയിലെ പൊരുത്തക്കേടുകൾ അടിവരയിട്ടുകാട്ടുകയും ചെയ്യുന്നത് പതിവാണ്. യഥാർത്ഥത്തിൽ, അവ നമ്മുടെ പൊരുത്തക്കേടുകളാണ്, നമ്മുടെ പാപങ്ങളാണ്. കാരണം, സഭ എന്നത് എല്ലായ്‌പ്പോഴും ദൈവത്തിന്റെ കാരുണ്യം കണ്ടെത്തുന്ന പാപികളായ ഒരു ജനതയാണ്. നാം ഹൃദയംഗമമായി, സഭയെ അതായിരിക്കുന്ന അവസ്ഥയിൽ സ്‌നേഹിക്കുന്നുണ്ടോ എന്ന് നമുക്ക് സ്വയം ചോദിക്കണമെന്ന് ഓർമിപ്പിച്ചുകൊണ്ട് പാപ്പ ചോദിച്ചു: ‘നമുക്ക് ആരെങ്കിലുമായി പ്രശ്‌നമുണ്ടെങ്കിൽ നാം അയാളെ സംരക്ഷിക്കുമോ അതോ ഉടനെ അയാളെ അപലപിക്കുകയും അയാളെക്കുറിച്ച് അപവാദം പറയുകയും അയാളെ നശിപ്പിക്കുകയും ചെയ്യുമോ?’

BACK
/* ]]> */