യുദ്ധഭീഷണി വർദ്ധിക്കുന്നു, ഉക്രൈനുവേണ്ടി പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം തേടി ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: റഷ്യ ഉയർത്തുന്ന ആക്രമണ ഭീഷണിയെ തുടർന്ന് ഉക്രൈനിൽ പ്രതിസന്ധി രൂക്ഷമാകുമ്പോൾ, ഉക്രൈനിൽ സമാധാനം പുനസ്ഥാപിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തും പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം യാചിച്ചും ഫ്രാൻസിസ് പാപ്പ. ഇക്കഴിഞ്ഞ ദിവസത്തെ ആഞ്ചലൂസ് പ്രാർത്ഥനയുടെ സമാപനത്തിൽ, ‘ഉക്രൈനിൽനിന്ന് ഇപ്പോൾ കേൾക്കുന്നത് ആശങ്കപ്പെടുത്തുന്ന വാർത്തകളാണ്,’ എന്ന് ഓർമിപ്പിച്ചുകൊണ്ടാണ് സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാൻ ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹത്തോട് പാപ്പ ആവശ്യപ്പെട്ടത്.

മേഖലയിലെ സംഘർഷം ലോകയുദ്ധ സമാനമായ സാഹചര്യത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ കൂടുതൽ ശ്രദ്ധേയമാണ് പാപ്പയുടെ അഭ്യർത്ഥന. ഉക്രൈനിലുള്ള തങ്ങളുടെ പൗരന്മാരോട് അവിടെനിന്ന് തിരിച്ചെത്താൻ പാശ്ചാത്യരാജ്യങ്ങൾ നിർദേശിച്ച പശ്ചാത്തലത്തിൽകൂടിയാണ് ഉക്രൈൻ വിഷയത്തിൽ സമാധാനശ്രമങ്ങൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകത പാപ്പ വീണ്ടും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽകൊണ്ടുവന്നത്: ‘സമാധാനം സംജാതമാക്കാനുള്ള എല്ലാ ശ്രമങ്ങളെയും കന്യാമറിയത്തിന്റെ മധ്യസ്ഥതയ്ക്കും രാഷ്ട്രീയ നേതാക്കളുടെ മനസാക്ഷിയ്ക്കും ഞാൻ ഭരമേൽപ്പിക്കുന്നു. നമുക്ക് പ്രാർത്ഥിക്കാം.’

ഉക്രൈന്റെ ഭാഗമായ ക്രിമിയ 2014 ൽ റഷ്യ പിടിച്ചെടുത്തിരുന്നു. ഇതേത്തുടർന്ന് രാജ്യത്തുണ്ടായ പ്രതിഷേധം റഷ്യൻ അനുകൂല പ്രസിഡന്റിനെ അധികാരത്തിൽനിന്നു നീക്കി. ഉക്രൈന്റെ കിഴക്കൻ അതിർത്തി റഷ്യൻ അനുകൂല വിമതരുടെ കൈയിലാണിപ്പോൾ. ഇവിടെയാണ് സംഘർഷം നടക്കുന്നത്. ഉക്രൈനിലേക്ക് കടന്നുകയറ്റം ഉദ്ദ്യേശിക്കുന്നില്ലെന്ന് റഷ്യ പറയുമ്പോഴും, സംഘർഷ സാധ്യത നിയന്ത്രണാതീതമായി തുടരുകയാണ്. ആയിരക്കണക്കിന് റഷ്യൻ സൈനീകർ മേഖലയിൽ തമ്പടിച്ചിട്ടുണ്ട്.

ഉക്രൈനിൽ ഒരു സംഘർഷം പൊട്ടിപ്പുറപ്പെട്ടാൽ അത് ഉക്രൈനു മാത്രമല്ല, ലോകത്തിനു മുഴുവൻ ഭീഷണിയാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. റഷ്യയുടെ കടന്നു കയറ്റമുണ്ടായാൽ ‘നാറ്റോ’ സേനയുൾപ്പെടെയുള്ള ശക്തികൾ റഷ്യയ്ക്കെതിരെ അണിനിരക്കും, ഇത് മറ്റൊരു മഹായുദ്ധത്തിലേക്കാവും ലോകത്തെ കൊണ്ടെത്തിക്കുക. ഈ സാഹചര്യത്തിലാണ് പ്രാർത്ഥന തുടരണമെന്ന ആഹ്വാനം പാപ്പ ആവർത്തിച്ച് വിശ്വാസീസമൂഹത്തിന് നൽകുന്നത്.

ജനുവരി 23ലെ ആഞ്ചലൂസ് പ്രാർത്ഥനയിൽ ഉക്രൈനിലെ സംഘർഷാവസ്ഥയെ കുറിച്ച് ആശങ്ക അറിയിച്ചുകൊണ്ട്, ജനുവരി 26 ഉക്രൈനുവേണ്ടിയുള്ള പ്രാർത്ഥനാ ദിനമായി ആചരിക്കാൻ പാപ്പ ആഹ്വാനം ചെയ്തത് അന്താരാഷ്ട്രതലത്തിൽ വലിയ വാർത്തയായിരുന്നു. ഇനി ഒരിക്കലും യുദ്ധം ഉണ്ടാകരുതെന്ന ഓർമപ്പെടുത്തലോടെയാണ് ഉക്രൈനുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പ ആഹ്വാനം ചെയ്തത്. അന്നാട്ടിൽ സാഹോദര്യം തഴച്ചുവളരാനും മുറിവുകളും ഭയങ്ങളും ഭിന്നതകളും തരണം ചെയ്യാനുംവേണ്ടി ദിവസത്തിൽ പലവുരു പ്രാർത്ഥിക്കണമെന്നായിരുന്നു പാപ്പയുടെ അഭ്യർത്ഥന.

BACK
/* ]]> */