പ്രായമായവരെ മാനവരാശിയുടെ നിധിയായി പരിപാലിക്കണം; ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: പ്രായമായവരെ മാനവരാശിയുടെ നിധിയായി പരിപാലിക്കണമെന്ന് ഓർമപ്പെടുത്തിയും തലമുറകൾ തമ്മിലുള്ള സംവാദം പരിപോഷിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയും ഫ്രാൻസിസ് പാപ്പ. മുത്തശ്ശീ മുത്തശ്ശന്മാർക്കും മറ്റു വയോധികർക്കുമായുള്ള ഈ വർഷത്തെ ആഗോള ദിനാചരണത്തിന്റെ ആപ്തവാക്യം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ച മൂന്ന് സന്ദേശങ്ങളിലൂടെയാണ് പാപ്പ ഇക്കാര്യം പങ്കുവെച്ചത്. ‘വാർധക്യത്തിലും അവർ ഫലം പുറപ്പെടുവിക്കും,’ എന്നതാണ് ഈ വർഷം ജൂലൈ 24ന് ആചരിക്കുന്ന ആഗോള വയോധിക ദിനത്തിന്റെ ആപ്തവാക്യം.

പ്രസ്തുത ആപ്തവാക്യം ലോകജനതയെ അറിയിക്കുകയായിരുന്നു ആദ്യ ട്വീറ്റിന്റെ ലക്ഷ്യമെങ്കിൽ, പുതുതലമുറയും പഴയ തലമുറയും തമ്മിലുള്ള സംവാദവും അടുപ്പവും ചൂണ്ടിക്കാട്ടുകയായിരുന്നു അടുത്ത രണ്ട് ട്വീറ്റുകളുടെ ഉദ്ദേശ്യം. ‘പ്രായമായവരെ മനുഷ്യകുലത്തിന്റെ നിധിയായി പരിപാലിക്കണം. അവർ നമ്മുടെ ജ്ഞാനമാണ്, നമ്മുടെ ഓർമയാണ്. മാനുഷികവും ആത്മീയവുമായ മൂല്യങ്ങളുടെ ജീവരസം പേരക്കുട്ടികൾ വലിച്ചെടുക്കുന്ന വേരുകളാകുന്ന മുത്തശ്ശീമുത്തശ്ശന്മാരോട് അവർ ചേർന്നുനിൽക്കുക എന്നത് നിർണായകമാണ്,’ എന്നതായിരുന്നു രണ്ടാമത്തെ ട്വീറ്റിന്റെ ഉള്ളടക്കം.

ഏതാണ്ട് ഒരു മണിക്കൂറിനുശേഷം പോസ്റ്റ് ചെയ്ത സന്ദേശം ചുവടെ: ‘യുവജനങ്ങളുടെ ആവേശവും പ്രായമായവരുടെ ജ്ഞാനവും തമ്മിൽ കണ്ടുമുട്ടേണ്ടത് പരമപ്രധാനമാണ്. മുത്തശ്ശീമുത്തശ്ശന്മാരും കൊച്ചുമക്കളും തമ്മിലുള്ള കൂടിക്കാഴ്ച അതിപ്രധാനമായ കാര്യമാണ്. മനുഷ്യരാശി കടന്നുപോകുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ വിശേഷിച്ചും.’

പലപ്പോഴും അരികുകളിലാക്കപ്പെടുന്ന പ്രായമായവരെ വിലമതിക്കാനും പരിഗണിക്കാനും കുടുബങ്ങൾക്കും പൊതുസമൂഹത്തിനും സഭാസമൂഹങ്ങൾക്കുമുള്ള ക്ഷണമാണ് ഈ ആപ്തവാക്യമെന്ന് ‘അൽമായർക്കും കുടുംബങ്ങൾക്കും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററി’ പത്രക്കുറിപ്പിൽ അറിയിച്ചു: ‘വർഷങ്ങൾകൊണ്ട് ആർജിച്ച വിജ്ഞാനത്തിന് ചെവികൊടുക്കാനുള്ള ക്ഷണത്തിന്, ഇപ്പോൾ സഭ ആരംഭിച്ചിരിക്കുന്ന സിനഡ് യാത്രയിൽ സവിശേഷ പ്രാധാനന്മുണ്ട്.’

2021 ജനുവരിയിലാണ് മുത്തശ്ശീ മുത്തശ്ശന്മാർക്കും മറ്റു വയോധികർക്കുമായി പാപ്പ ആഗോള ദിനാചരണം പ്രഖ്യാപിച്ചത്. യേശുവിന്റെ മുത്തശ്ശീമുത്തശ്ശന്മാരും കന്യാമറിയത്തിന്റെ മാതാപിതാക്കളുമായ വിശുദ്ധ യോവാക്കിം- അന്ന ദമ്പതികളുടെ തിരുനാളിനോട് അടുത്തുവരുന്ന ജൂലൈയിലെ നാലാം ഞായറാഴ്ചയാണ് ഇതിനായി തിരുസഭ മാറ്റിവെച്ചിരിക്കുന്നത്. ജൂലൈ 26നാണ് ആഗോളസഭയിൽ വിശുദ്ധ യോവാക്കിം- അന്ന ദമ്പതികളുടെ തിരുനാൾ ആഘോഷിക്കുന്നത്. അതുപ്രകാരമാണ് ഈ വർഷം ജൂലൈ 24ന് വയോധിക ദിനം ആചരിക്കുന്നത്.

BACK
/* ]]> */